Parenting കൃപയോ അതോ പ്രത്യാഘാതങ്ങളോ? എക്ഹാർട്ട് ടോളെ (Eckhart Tolle)
- "ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, കുട്ടി ചെയ്യുന്നത് തെറ്റാണെന്ന് നിങ്ങൾ അവനെ ബോധ്യപ്പെടുത്തുമ്പോൾ, അത് നിങ്ങളുടെ ഉള്ളിലെ ഭയത്തിൽ നിന്നാകരുത്.
(മണി മുഴങ്ങുന്നു)
ശരി, ഒരു പ്രത്യേക സാഹചര്യം മുൻനിർത്തി സംസാരിക്കുന്നതാണ് എപ്പോഴും എളുപ്പം. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റരീതികളിൽ നിന്ന് ഒരു ഉദാഹരണം പറയാമോ?" - പങ്കെടുക്കുന്ന ആൾ: "ചില കുട്ടികൾ കടിക്കാറുണ്ട്."
- "കടിക്കുമോ?"
- പങ്കെടുക്കുന്ന ആൾ: "അതെ."
- "ശരി, ഇപ്പോൾ നമ്മൾ വിഷയത്തിലേക്ക് വരികയാണ്."
- പങ്കെടുക്കുന്ന ആൾ: "മറ്റു കുട്ടികളെ കടിക്കുന്ന കുട്ടികളുണ്ട്, അത് സത്യമാണ്. ചിലർ തങ്ങളുടെ വായ കൊണ്ടുള്ള സ്പർശനത്തിലൂടെ ചുറ്റുപാടുമുള്ള കാര്യങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി അത് ചെയ്യുന്നു. എന്നാൽ മറ്റു ചിലർ ദേഷ്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് മറ്റുള്ളവർക്ക് ദോഷകരവും ഭയപ്പെടുത്തുന്നതുമായ ഒരു പെരുമാറ്റമാണ്. അതുകൊണ്ട് തന്നെ, കുട്ടി പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ പ്രാപ്തനാണോ, അതോ കൂടുതൽ സ്നേഹം നൽകിയാൽ മാത്രം ഈ ശീലം മാറിക്കോളുമോ എന്ന കാര്യത്തിൽ മാതാപിതാക്കൾ ആശയക്കുഴപ്പത്തിലാണ്. തെരുവിലേക്ക് ഓടുക, പാർക്കിംഗ് ലോട്ടിൽ വെച്ച് കൈ വിടുവിച്ച് ഓടുക തുടങ്ങിയവയെല്ലാം അപകടകരമായ കാര്യങ്ങളാണ്."
- എക്ഹാർട്ട്: "അതെ."
- പങ്കെടുക്കുന്ന ആൾ: "അത്തരം പെരുമാറ്റങ്ങൾ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, അത് കർക്കശമായ നിലപാടിലൂടെയാണോ അതോ കൃപയിലൂടെയും സ്നേഹത്തിലൂടെയുമാണോ ചെയ്യേണ്ടത്?"
- "ശരി, നന്ദി. നിങ്ങൾ എന്താണ് ചോദിക്കുന്നതെന്ന് എനിക്ക് ഇപ്പോൾ പൂർണ്ണമായും മനസ്സിലായി. 'കടിക്കുക' എന്ന ഉദാഹരണം പറഞ്ഞപ്പോൾ തന്നെ കാര്യം വ്യക്തമായി.
(എല്ലാവരും ചിരിക്കുന്നു)
ഇതൊരു വളരെ സൂക്ഷ്മമായ ബാലൻസിംഗിന്റെ കാര്യമാണ്. കാരണം, തീർച്ചയായും ചില പെരുമാറ്റങ്ങൾക്ക് അതിന്റേതായ പ്രത്യാഘാതങ്ങളുണ്ടാകും. മാതാപിതാക്കൾ അത് പൂർണ്ണമായും അവഗണിക്കുകയാണെങ്കിൽ, ഭാവിയിൽ ആ പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ മോശമാകും.
മറ്റുള്ളവരെ കടിക്കുന്നത് തെറ്റാണെന്ന് ഏതോ ഘട്ടത്തിൽ അവർക്ക് മനസ്സിലാകും, അതിന്റെ ഫലം അവർ അനുഭവിക്കുകയും ചെയ്യും. ആ പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങൾ അവരെ ബോധ്യപ്പെടുത്തുന്നില്ലെങ്കിൽ, അവർ കിന്റർഗാർട്ടനിലോ സ്കൂളിലോ പോകുമ്പോൾ മറ്റൊരു കുട്ടി അവരെ തിരിച്ചു കടിച്ചേക്കാം. സ്വന്തം പ്രവൃത്തിയുടെ കർമ്മഫലം അനുഭവിക്കാൻ ഇതിലും വേദനാജനകമായ ഒരു മാർഗ്ഗം വേറെയുണ്ടാകില്ല. അതുകൊണ്ട്, നിങ്ങൾ എത്രത്തോളം വൈകുന്നുവോ, അത്രത്തോളം കഠിനമായിരിക്കും ആ കർമ്മഫലം.
ചില യുവാക്കളെ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ വിടുകയും, അവരുടെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് മാതാപിതാക്കൾ അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഒടുവിൽ അവർ എന്തെങ്കിലും വലിയ തെറ്റ് ചെയ്യുമ്പോൾ, പോലീസ് വാതിലിൽ വന്ന് നിൽക്കുന്ന രൂപത്തിൽ സമൂഹം അവർക്ക് പ്രത്യാഘാതങ്ങൾ കാണിച്ചുകൊടുക്കും. അപ്പോഴേക്കും അവരുടെ കർമ്മം കൂടുതൽ വഷളായിട്ടുണ്ടാകും. കാരണം, ആറാം വയസ്സിൽ ചെയ്തതിനേക്കാൾ വലിയ ദ്രോഹമായിരിക്കും പിന്നീട് അവർ മറ്റുള്ളവരോട് ചെയ്തിട്ടുണ്ടാവുക.
അതുകൊണ്ട്, പ്രപഞ്ചം ഏതായാലും നിങ്ങൾക്ക് പ്രത്യാഘാതങ്ങൾ കാണിച്ചുതരും. ഒരു രക്ഷിതാവ് എന്ന നിലയിൽ, കുട്ടിയുടെ ബോധരഹിതമായ പ്രവൃത്തികളുടെ ഫലം വളരെ സൗമ്യമായി അവന് കാട്ടിക്കൊടുക്കുന്നത് നല്ലതാണ്. അത് പിൽക്കാലത്തെ വലിയ തിരിച്ചടികളിൽ നിന്ന് അവനെ സംരക്ഷിക്കാൻ മാത്രമല്ല, ചിലപ്പോൾ അവനെ അവനിൽ നിന്ന് തന്നെ സംരക്ഷിക്കാനും അത് ആവശ്യമാണ്. കാരണം, ശരിയായ വഴി കാട്ടിക്കൊടുത്തില്ലെങ്കിൽ അവർ സ്വയം അപകടത്തിൽ ചെന്ന് ചാടാൻ സാധ്യതയുണ്ട്."
"ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ കടൽഭിത്തിയിലൂടെയോ മറ്റോ നടക്കുന്നത് കണ്ടാലും ഇടപെടാൻ ആഗ്രഹിക്കാതെ മാറിനിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു ചുവട് പിഴച്ചാൽ ആ കുട്ടി ഇല്ലാതായേക്കാം. കുട്ടിയെ സ്വതന്ത്രമായി വിടുന്നതും, തെറ്റുകൾ തിരുത്തിക്കൊടുക്കുന്നതും, അവരെ സംരക്ഷിക്കുന്നതും തമ്മിലുള്ള ആ സന്തുലിതാവസ്ഥ (balance) അവർക്ക് നഷ്ടപ്പെടുന്നു.
ഇവിടെ പ്രധാനപ്പെട്ട കാര്യം, കുട്ടി ചെയ്യുന്നത് തെറ്റാണെന്ന് കാണിച്ചുകൊടുക്കുമ്പോൾ അത് നിങ്ങളുടെ ഉള്ളിലെ ഭയത്തിൽ നിന്നാകരുത് എന്നതാണ്. കാരണം ഭയത്തിൽ നിന്നാണ് നിങ്ങൾ പ്രതികരിക്കുന്നതെങ്കിൽ—ഉദാഹരണത്തിന് കുട്ടി ഒരു കൊക്കയുടെ അടുത്തേക്കോ റോഡിലെ തിരക്കിലേക്കോ പോകുന്നത് കാണുമ്പോൾ ചില മാതാപിതാക്കൾ പരിഭ്രാന്തരാകുകയും (hysterical) ആ ഭയം കാരണം കുട്ടിയെ പിടിച്ചുകുലുക്കി 'ഇനി മേലാൽ ഇത് ചെയ്യരുത്' എന്ന് ആക്രോശിക്കുകയും ചെയ്യുന്നു.
കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ മാനസിക ആഘാതമാണ് (trauma). ചിലപ്പോൾ ഒരു കാർ ഇടിക്കുന്നതിനേക്കാൾ വലിയ ആഘാതമായിരിക്കും വൈകാരികമായി അത് കുട്ടിക്കുണ്ടാക്കുന്നത്. മുതിർന്ന ഒരാൾ തന്റെ നേരെ ആക്രോശിക്കുന്നത് ഒരു കൊച്ചു കുട്ടിക്ക് എത്രത്തോളം ഭയമുണ്ടാക്കുമെന്ന് ചിന്തിച്ചുനോക്കൂ. ആ നിമിഷം, കുട്ടിയുടെ ഉള്ളിലെ 'വേദനാ ശരീരം' (pain body) ആ നെഗറ്റീവ് ഊർജ്ജത്തെ മുഴുവൻ ആഗിരണം ചെയ്യുന്നു. പിന്നീട് കുട്ടി ദേഷ്യപ്പെടുകയോ കരയുകയോ ചെയ്യുമ്പോൾ മാതാപിതാക്കൾ അത്ഭുതപ്പെടുന്നു. യഥാർത്ഥത്തിൽ അമ്മയുടെ ഉള്ളിലെ ഭയമാണ് കുട്ടി ആവാഹിച്ചത്. കുട്ടിയെ രക്ഷിക്കണമെന്ന നല്ല ഉദ്ദേശ്യമാണെങ്കിലും, ആ സംരക്ഷണം കുട്ടി നേരിടാൻ പോയ അപകടത്തേക്കാൾ മോശമായി മാറി. ഇത് കീടങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന വിഷം കീടങ്ങളേക്കാൾ ഹാനികരമാകുന്നതുപോലെയാണ്.
അതുകൊണ്ട് നിങ്ങൾ ചോദിച്ച ആ 'കൃപ' (Grace) എന്നത് തിരുത്തലുകളുടെ ഭാഗമാകണം. കുട്ടിക്ക് ഇതുവരെ കാര്യങ്ങൾ അറിയില്ല എന്ന തിരിച്ചറിവോടെയുള്ള ഒരു കാരുണ്യമാണ് കൃപ. നിങ്ങൾ പെരുമാറ്റത്തെ ശിക്ഷിക്കുകയല്ല, മറിച്ച് അത് തെറ്റാണെന്ന് വ്യക്തമായി കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ വളർത്തുനായയെ പഠിപ്പിക്കുന്നത് പോലെയാണിത്. നായയ്ക്കും ചില കാര്യങ്ങൾക്ക് പ്രത്യാഘാതങ്ങളുണ്ടെന്ന് പഠിപ്പിക്കേണ്ടി വരും. അതിനർത്ഥം അതിനെ അടിക്കണമെന്നല്ല. നായയ്ക്ക് ഒരു പലഹാരം കൊടുക്കുമ്പോൾ അറിയാതെ നമ്മുടെ വിരലിൽ കടിച്ചാൽ നമ്മൾ 'അയ്യോ' (Ouch) എന്ന് ശബ്ദമുണ്ടാക്കുന്നു. അപ്പോൾ താൻ ചെയ്തത് വേദനയുണ്ടാക്കി എന്ന് നായയ്ക്ക് മനസ്സിലാകും. അതൊരു സൗമ്യമായ രീതിയാണ്.
അതുപോലെ കുട്ടിയെ റോഡിലെ തിരക്കിൽ നിന്ന് പിടിച്ചുമാറ്റുമ്പോൾ വേഗത ആവശ്യമായി വരാം. പക്ഷേ അത് ചെയ്യുമ്പോൾ ഭയത്തിന് പകരം ഒരു ജാഗ്രത (Alertness) ആണ് ഉണ്ടാവേണ്ടത്. 'ഇത് അപകടമാണ്' എന്ന് അവരെ ബോധ്യപ്പെടുത്തണം, പക്ഷേ അത് അവരിലേക്ക് ഭയം കുത്തിവെച്ചുകൊണ്ടാകരുത്. അതാണ് കൃപ.
ഓരോ രക്ഷിതാവും ഈ സന്തുലിതാവസ്ഥ കണ്ടെത്തണം. എപ്പോൾ ഇടപെടണം, എപ്പോൾ അനുവദിക്കണം എന്നത് എപ്പോഴും എളുപ്പമല്ല. പക്ഷേ നിങ്ങൾ വിലക്കുമ്പോൾ, അത് നിങ്ങളുടെ ഉള്ളിലെ നെഗറ്റീവ് പ്രതികരണത്തിൽ നിന്നാകരുത്. പ്രതിസന്ധ ഘട്ടങ്ങളിൽ കൂടുതൽ സ്വയം ബോധവാന്മാരായിരിക്കുക (self-awareness) എന്നതാണ് പ്രധാനം. സാഹചര്യം എത്രത്തോളം ഗുരുതരമാണോ, അത്രത്തോളം ജാഗ്രത നിങ്ങളുടെ ഉള്ളിലും ആവശ്യമാണ്."
Comments
Post a Comment