ജീവൻ്റെ അളവുകോലുകൾ - പിതൃക്കൾ, കിന്നരന്മാർ, ഗന്ധർവ്വന്മാർ, യക്ഷന്മാർ, ദേവന്മാർ, സിദ്ധന്മാർ - ശ്രീ ശ്രീ രവിശങ്കർ .
സൂക്ഷ്മമായ ബോധത്തിന് നിരവധി തലങ്ങളുണ്ട്. ചൈതന്യം (Spirit) ഒന്നാണെങ്കിലും, അത് ഒന്നല്ല താനും. ചൈതന്യത്തിന് പല അടരുകളുണ്ട്. ഈ പ്രപഞ്ചം മുഴുവൻ ചൈതന്യത്താൽ അഥവാ ബ്രഹ്മത്താൽ നിറഞ്ഞിരിക്കുന്നു, എങ്കിലും അത് വിവിധ അളവുകളിലാണെന്ന് മാത്രം.
ഒരു കല്ലിന് ഒരു യൂണിറ്റ് ജീവനാണുള്ളത്. കല്ലുകൾക്ക് ജീവനുണ്ട്, അവയ്ക്ക് ലിംഗഭേദവുമുണ്ട്. ആൺകല്ലുകളും പെൺകല്ലുകളുമുണ്ട്. എല്ലാ സംസ്കാരങ്ങളിലുമുള്ള പ്രാചീന ജനതയ്ക്ക് ഇത് അറിയാമായിരുന്നു. ജലത്തിന് രണ്ട് യൂണിറ്റ് ജീവനുണ്ട്, അഗ്നിയാകുമ്പോൾ അത് മൂന്ന് യൂണിറ്റാകുന്നു. വായുവിൽ നാല് യൂണിറ്റും ആകാശത്തിൽ അഞ്ച് യൂണിറ്റ് ജീവനുമുണ്ട്. വൃക്ഷങ്ങൾക്ക് ആറ് യൂണിറ്റ് ജീവനുണ്ട്, മൃഗങ്ങൾക്ക് ഏഴ് യൂണിറ്റും. മനുഷ്യർക്ക് എട്ട് യൂണിറ്റ് ജീവനാണുള്ളത്, അതിനാൽ അവർ 'അഷ്ട വസുക്കൾ' എന്ന് അറിയപ്പെടുന്നു.
അസാമാന്യ പ്രതിഭയുള്ളവർക്ക് (Geniuses) ഒൻപത് യൂണിറ്റ് ജീവൻ വിടർന്നു നിൽക്കുന്നു. അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നവരാണിവർ. ഇത് എല്ലായ്പ്പോഴും പോസിറ്റീവ് ആകണമെന്നില്ല, ഉദാഹരണത്തിന് ഹിറ്റ്‌ലർ. അമാനുഷികമായ കാര്യങ്ങൾ ചെയ്യുന്നവർക്ക് (അത് നല്ലതായാലും ചീത്തയായാലും) ഒൻപത് യൂണിറ്റ് ജീവനുണ്ടാകും. മനുഷ്യർക്ക് ഒൻപത് മുതൽ പതിനാറ് യൂണിറ്റ് വരെ വികസിപ്പിക്കാൻ സാധിക്കും.
നമ്മൾ മരിക്കുമ്പോൾ, ചില കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശക്തരാകുന്നു. നമ്മൾ ഒൻപതിനും പത്തിനും ഇടയിലുള്ള യൂണിറ്റുകളിലേക്ക് മാറുന്നു. ഇത് വിചിത്രമായി തോന്നാം, പക്ഷേ സത്യമാണ്. അതുകൊണ്ടാണ് പിതൃക്കളെ ആരാധിക്കുന്നത്. ശരീരം വെടിയുന്ന നിമിഷം ആത്മാവ് സ്വതന്ത്രനാകുന്നു. അതിന് തടസ്സങ്ങളില്ല, മതിലുകളോ വാതിലുകളോ ഇല്ല, ആർക്കും അവരെ തടയാനാവില്ല. ശരീരത്തിൽ ബന്ധിക്കപ്പെട്ടിരിക്കുമ്പോൾ നിങ്ങൾക്ക് എട്ട് യൂണിറ്റേ ഉള്ളൂ, നിങ്ങൾക്ക് പരിമിതമായ ബന്ധങ്ങളേ സാധ്യമാകൂ. എന്നാൽ ഒൻപത് യൂണിറ്റാകുമ്പോൾ നിങ്ങൾക്ക് കുറച്ചുകൂടി ശക്തി ലഭിക്കുന്നു. മരിച്ചു കഴിയുമ്പോൾ ഒൻപത്, പത്ത് യൂണിറ്റുകളിലേക്ക് നിങ്ങൾക്ക് പ്രവേശനമുണ്ട്, അതിനാൽ ഈ ഭൂമിയിൽ നിങ്ങൾക്ക് കൂടുതൽ സ്വാധീനമുണ്ടാകും.
മരിച്ചുപോയവർക്ക് നിങ്ങളെ അനുഗ്രഹിക്കാൻ ശേഷിയുണ്ടെന്ന് പറയുന്നതിൻ്റെ കാരണം ഇതാണ്. അവർക്ക് നിങ്ങളെക്കാൾ കൂടുതൽ ജീവനുണ്ട്, കാരണം പരിമിതമായ ശരീരത്തിൽ നിന്ന് മുക്തമായ അവരുടെ ചൈതന്യത്തിന് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും നിങ്ങളെ അനുഗ്രഹിക്കാനും സാധിക്കും. അവരുടെ സാന്നിധ്യം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. അവർക്ക് ചില വരങ്ങൾ നൽകാൻ സാധിക്കും, എല്ലാം സാധിക്കണമെന്നില്ല. അവർ എത്രത്തോളം ശക്തരാണോ, അത്രത്തോളം അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകാൻ അവർക്ക് കഴിയും.
പള്ളികൾക്ക് പിന്നിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിൻ്റെ ഒരു കാരണവും ഇതുതന്നെയാണ്, ആ സ്ഥലത്തിന് കൂടുതൽ ശക്തി നൽകാൻ വേണ്ടിയാണത്. അതുകൊണ്ട്, പിതൃക്കൾക്ക് മനുഷ്യരേക്കാൾ ഒരു പടി കൂടി അധികം ശക്തിയുണ്ട്. സംസ്കൃതത്തിൽ ഇവരെ പിതൃക്കൾ എന്ന് വിളിക്കുന്നു. പിതൃക്കളേക്കാൾ ഒരു തലം കൂടി ഉയർന്ന മറ്റൊരു ചൈതന്യവുമുണ്ട്.
ഗന്ധർവ്വൻ – എല്ലാ വിജയശ്രീലാളിതരായ കലാകാരന്മാരുടെ പിന്നിലും ഇത്തരം ആത്മാക്കളുണ്ട്. ഒരു മികച്ച സംഗീതജ്ഞൻ എന്നത് പാട്ടുപാടുന്ന ഒരു വ്യക്തി മാത്രമല്ല. അവരിലൂടെ 'ഗന്ധർവ്വൻ' എന്നറിയപ്പെടുന്ന ഒരു ചൈതന്യം പ്രവർത്തിക്കുന്നുണ്ട്. ഗന്ധർവ്വന്മാർ നിങ്ങൾക്ക് വലിയ പ്രശസ്തി നേടിത്തരുന്നു. അവർ ജനതയ്ക്ക് സന്തോഷവും ആനന്ദവും നൽകുന്നു. എന്നാൽ അവർ ആ വ്യക്തിയെ (കലാകാരനെ) വളരെയധികം ദുരിതത്തിലാക്കുന്നു. മൈക്കൽ ജാക്സണെ നോക്കൂ. അദ്ദേഹം എത്രയോ ആളുകൾക്ക് സന്തോഷം നൽകി, പക്ഷേ അദ്ദേഹത്തിൻ്റെ വ്യക്തിജീവിതം എത്രയോ ദുസ്സഹമായിരുന്നു. മൈക്കൽ ജാക്സൺ ഒരു ഉദാഹരണം മാത്രമാണ്, ഇത്തരത്തിൽ നിരവധി സംഗീതജ്ഞരും പ്രശസ്തരുമുണ്ട്. ബീഥോവൻ ഉൾപ്പെടെയുള്ളവരുടെ ചരിത്രം പരിശോധിച്ചാൽ നിങ്ങൾക്ക് ഇത് മനസ്സിലാകും. തങ്ങൾക്ക് ഒരു ഗുരുവിനെ അല്ലെങ്കിൽ ശരിയായ ഒരു പാതയെ കണ്ടെത്താൻ കഴിഞ്ഞ സംഗീതജ്ഞർ മാത്രമേ സന്തോഷവാന്മാരായി ഇരുന്നിട്ടുള്ളൂ. ഒരു ഗുരുവിനെ ലഭിച്ചാൽ, ഒരു പാതയുണ്ടെങ്കിൽ അവർ മുക്തരാകുന്നു. അല്ലാത്തപക്ഷം, അവർ പ്രശസ്തരാകുകയും മറ്റുള്ളവർക്ക് സന്തോഷം നൽകുകയും ചെയ്യും, പക്ഷേ അവരുടെ വ്യക്തിജീവിതം ദുരിതപൂർണ്ണമായിരിക്കും. ഗന്ധർവ്വ തലത്തിന് മുകളിലുള്ള മറ്റൊരു വിഭാഗമാണ് യക്ഷന്മാർ.
യക്ഷന്മാർ – ഇവർ വലിയ അളവിൽ സമ്പത്ത് നൽകുന്നു. അതിസമ്പന്നരായ ആളുകൾ യക്ഷന്മാരാൽ അനുഗ്രഹിക്കപ്പെട്ടവരാണ്. ഇവിടെയും, യക്ഷന്മാർ ഭൗതിക സൗകര്യങ്ങൾ നൽകുമെങ്കിലും അവർക്ക് സ്വന്തം സന്താനങ്ങളിൽ നിന്ന് സന്തോഷമോ സമാധാനമോ ലഭിക്കില്ല. സ്വന്തം കുട്ടികളെക്കുറിച്ചോ, അവരുടെ പെരുമാറ്റത്തെക്കുറിച്ചോ, അവരുടെ കരിയറിനെക്കുറിച്ചോ ഉള്ള ആകുലതകൾ അവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. സന്തതിപരമ്പരകളിൽ നിന്ന് അവർക്ക് സന്തോഷം അനുഭവിക്കാൻ കഴിയില്ല. ഒരു തലമുറയിൽ അത് സംഭവിച്ചാൽ പോലും അടുത്ത തലമുറയിൽ അത് തീർച്ചയായും ഉണ്ടാകില്ല. മൂന്ന് തലമുറയ്ക്കുള്ളിൽ അവർ ദുരിതത്തിലാകും. എന്നാൽ അവർ ഒരു ആത്മീയ പാത പിന്തുടരുകയാണെങ്കിൽ ഇതിനെ മറികടക്കാൻ സാധിക്കും. ഇവരാണ് യക്ഷാത്മാക്കൾ. ഓരോ നഗരത്തിനും ഓരോ യക്ഷനുണ്ട്. ന്യൂയോർക്കിന് ഒരു യക്ഷനുണ്ട്, ലോസ് ഏഞ്ചൽസിന് ഒരു യക്ഷനുണ്ട്. ഒരു സ്ഥലത്തിൻ്റെ കൂട്ടായ ചൈതന്യമാണ് (Collective spirit) യക്ഷൻ. ഇത്തരത്തിൽ അനേകം യക്ഷന്മാരുണ്ട്. യക്ഷന്മാർക്കും അപ്പുറത്തുള്ള അടുത്ത തലമാണ് ദേവന്മാർ. ഇവരെ മാലാഖമാർ (Angels) എന്നും വിളിക്കുന്നു.
ദേവന്മാർ (മാലാഖമാർ) – ഇവർ യക്ഷന്മാർക്കും സിദ്ധന്മാർക്കും ഇടയിലുള്ളവരാണ്. പൂർണ്ണത കൈവരിച്ച ജീവനുകളാണ് സിദ്ധന്മാർ. 33 തരം ദേവന്മാരുണ്ട്. നമ്മുടെ ശരീരം ഭരിക്കുന്നത് ദേവന്മാരാണ്. ദേവന്മാരെ ദൈവങ്ങളെന്നും ദേവിമാരെന്നും വിളിക്കുന്നു. ഇത് 'ദൈവം' (പരമാത്മാവ്) അല്ല, മറിച്ച് ദൈവവിഭാഗങ്ങളാണ് (gods and goddesses). ദൈവീകതയുടെ ഒരു വശമാണിവർ. വൈവിധ്യത്തെ ഇഷ്ടപ്പെടുന്ന ആ ചൈതന്യം വ്യത്യസ്ത രൂപങ്ങളിൽ സ്വയം പ്രകടമാകുന്നു. ആ ഏക ചൈതന്യത്തിൻ്റെ വൈവിധ്യമാർന്ന രൂപങ്ങളാണ് ദേവന്മാർ.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ, ഒരു വെളുത്ത പ്രകാശം പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ അത് ഏഴ് പ്രധാന നിറങ്ങളായി വേർതിരിയുന്നു. എന്നാൽ ആ ഏഴ് നിറങ്ങളുടെ വിവിധ അളവിലുള്ള മിശ്രണത്തിലൂടെ അനേകം വർണ്ണഭേദങ്ങൾ (shades) ഉണ്ടാകുന്നു. അതുപോലെ തന്നെ, യക്ഷന്മാരേക്കാൾ ഒരു പടി മുകളിലാണ് ദേവന്മാരും ദേവതകളും ദേവിമാരും. അനേകം തരത്തിലുള്ള ദേവിദേവന്മാരുണ്ട്, പലതരം ചൈതന്യങ്ങളുണ്ട്. നിങ്ങൾക്ക് ഇവരെ മാലാഖമാർ (Angels) എന്ന് വിളിക്കാം. ഇവരെല്ലാം നന്മ മാത്രം ചെയ്യുന്നവരാണ് (benevolent). നമ്മളിൽ പ്രകടമാകുന്ന പല ഗുണങ്ങളും ഈ ദേവചൈതന്യത്തിൻ്റെ ഭാഗമാണ്. നിങ്ങളിലെ ബുദ്ധിശക്തി (Brilliance) ഒരു ദേവനാണ്. കാരുണ്യം എന്നത് ഒരു ദേവൻ്റെ അനുഗ്രഹമാണ്. നിങ്ങൾ സന്തോഷവാനാണെങ്കിൽ, അത് ഒരു ദേവൻ്റെ അനുഗ്രഹമോ അല്ലെങ്കിൽ ഒരു ദേവഗുണം നിങ്ങളിൽ പ്രകടമാകുന്നതോ ആണ്.
അങ്ങനെ യക്ഷന്മാർ, അതിനുശേഷം ദേവന്മാർ, പിന്നെ സിദ്ധന്മാർ.
സിദ്ധൻ – ധ്യാനത്തിൽ അത്യഗാധമായി മുഴുകി പൂർണ്ണത കൈവരിച്ച മനുഷ്യനാണ് സിദ്ധൻ. സിദ്ധൻ, ഗുരു – അതാണ് ആ തലം. ഇവരെ ദേവന്മാരേക്കാൾ ഒരു പടി മുകളിലായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് പൂജകളിലും മറ്റും ആദ്യം ഗുരുവിനെ വന്ദിക്കുകയും പിന്നീട് ദേവതകളെ വന്ദിക്കുകയും ചെയ്യുന്നത്. 'ഗുരുഭ്യോ നമ:' എന്ന് അവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇതാണ് ക്രമം: ഗുരു, ദേവൻ, യക്ഷൻ, ഗന്ധർവ്വൻ, കിന്നരൻ, പിതൃക്കൾ, പിന്നെ മനുഷ്യൻ. ആത്മചൈതന്യത്തിന് ഇത്രയധികം തലങ്ങളുണ്ട്.
Comments
Post a Comment